Monday, June 18, 2012

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍


തവളകള്‍ക്ക് കാലവര്‍ഷം വരുന്നതുപോലെ ആണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ വായനശാലയുടെ വാര്‍ഷികം. എല്ലാവരും ഒന്ന് സടകുടഞ്ഞ്‌ എണീക്കും. പിന്നെ കോളേജില്‍പോക്ക് മുതല്‍ ഫുട്ബോള്‍ /ക്രിക്കറ്റ്‌ കളി, എസ്കോര്‍ട്ട്  [ദേശത്തെ സുന്ദരിമാരെ സുരക്ഷിതമായി കോളേജുകളിലും, സ്കൂളുകളിലും എത്തിക്കുക-തിരിച്ചുകൊണ്ടുവരിക] വരെ പിന്നേയ്ക്ക് വച്ച് എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമെന്ന് കൂലങ്കുഷമായി ചിന്തിയ്ക്കും.

ഡാന്‍സ് പഠിയ്ക്കാന്‍ പോകുന്നവരും, അവര്‍ക്ക് കൂട്ട് നടക്കുന്നവരുമായ ചെറിയ പെണ്‍കുട്ടികളുടെ ഡാന്‍സ് [ഇതില്‍ തന്നെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി  ഡപ്പാംകുത്ത് വരെ ഉണ്ടാകും], ഞങ്ങളുടെ നാട്ടിലെ 15 മുതല്‍ 50 വയസ്സുവരെ ഉള്ളവരും, കുഴിമടിയന്മാരും,  ഭക്ഷണം കഴിയ്ക്കുന്നതുപോലും ഭാരിച്ച ഒരു ജോലിയായി കാണുന്നവരുമായ പുരോഗമന കലാസമിതിയുടെ പ്രവര്‍ത്തകര്‍ അഭിനയിക്കുന്ന നാടകം, ഘനജലം അടിച്ച്  ആരുടെയെങ്കിലും കയ്യില്നിന്നുള്ള, നാണപ്പേട്ടന്റെ തല്ലു ഇരന്നു വാങ്ങല്‍ ഇതെല്ലാം കൂടിച്ചേര്‍ന്നത് ആണ്  ഒരു സാധാരണ വാര്‍ഷിക ആഘോഷം.

നാടകാവതരണത്തിന്റെ ആദ്യ പടിയായി സ്ക്രിപ്റ്റ് സെലക്ട്‌ [സ്ത്രീ കഥാപാത്രങ്ങള്‍ എണ്ണത്തില്‍ കുറവുള്ള ഒരു നാടകം] ചെയ്തു. അടുത്തത്  നടിയെ കണ്ടെത്തി ബുക്ക്‌ ചെയ്തു അഡ്വാന്‍സ് കൊടുക്കല്‍ ആണ്. കുറച്ച് റിസ്ക്‌ ആണ്. ഇന്നത്തെ പോലെ റെഡി ഡാറ്റാ ഒന്നും ഉള്ള കാലം അല്ലല്ലോ... അന്വേഷിച്ചു ചെല്ലുന്നിടത്ത് തന്നെ പലപ്പോഴും നടികള്‍ ഉണ്ടാകാറില്ല.

"അപ്പൊ നാളെ തന്നെ എറങ്ങാ ല്ലേ ?" വായനശാലയില്‍ ക്യാരംബോര്‍ഡ്  കളിയ്ക്കുന്നിടത്തുനിന്നും അപ്പുണ്ണിയുടെ ഉഷാറോടെയുള്ള അന്വേഷണം.
"അതിന് നീ എന്തിനാ വരണ്?" ഞാന്‍
"അല്ലാതെ നടിയെ അറിയണോര്  ആരാ ഉള്ളത്?"
"നിനക്ക് നടിയെ അറിയ്വോ?
"എനിക്കറിയില്ല. പക്ഷെ രാമഷ്ണേട്ടന് അറിയാം. രാമഷ്ണേട്ടനെ എനിക്കല്ലേ അറിയൂ?"

അപ്പുണ്ണിയുടെ വല്യമ്മേടെ മോന്‍ ആണത്രേ രാമഷ്ണേട്ടന്‍ . സ്വന്തമായി ഒരു ടൂറിസ്റ്റ് ടാക്സി ഉണ്ട്. അപ്പുണ്ണിയുടെ സ്വാധീനത്താല്‍ , വണ്ടിയ്ക്ക്  ഡീസലും, രാമഷ്ണേട്ടന് തീറ്റയും അടിച്ചുകൊടുത്താല്‍ നടിയുടെ വീട് അന്വേഷിച്ച് പോകാന്‍ വണ്ടിയും കൊണ്ട് അദ്ദേഹത്തെ വരുത്താമെന്ന് പറഞ്ഞ് അപ്പുണ്ണി ഞങ്ങളെ പ്രലോഭിപ്പിച്ചു. പ്രോഗ്രാം നടത്തുന്നതെല്ലാം കമ്മി ബജറ്റില്‍ ആയതിനാല്‍ ഞങ്ങള്‍ വേഗം സമ്മതിച്ചു. 
 
പിറ്റേ ദിവസം രാവിലെ തന്നെ പുറപ്പെട്ടു. അപ്പുണ്ണി കാറിന്റെ മുന്‍സീറ്റില്‍ തന്നെ കയറി, കാറില്‍ ദൈവങ്ങളുടെ പടത്തിനു പകരം വച്ചിരിയ്ക്കുന്ന സില്‍ക്ക് സ്മിതയുടെ ചിത്രത്തില്‍ ഭക്തിയോടെ തൊട്ടു തൊഴുതു [പോകുന്നതും അത്തരം ഒരു കാര്യത്തിനാണല്ലോ...]. ഒരു പത്തിരുപത് കിലോമീറ്റര്‍ ഓടിക്കാണും.  രാമഷ്ണേട്ടന്‍ ഒരു "പൊറാട്ട-കപ്പ-ബീഫ്" ഹോട്ടലിന്റെ മുന്നില്‍ കാര്‍ നിറുത്തി. ആള്‍ക്ക് ഇന്ധനം നിറയ്ക്കണം. രാമഷ്ണേട്ടന്റെ മെനുവില്‍ നാല്‍ക്കാലികള്‍ക്ക് ആണ് മുന്ഗണന. അതില്ലെങ്കില്‍ മാത്രമേ അങ്ങേര് കോഴി, താറാവ്, കാട മുതലായ ചീള് കേസുകളില്‍ കൈ വയ്ക്കു. 

രാമഷ്ണേട്ടന്‍ "പോളിംഗ്" ആരംഭിച്ചു. തീറ്റയുടെ ആക്രാന്തം കണ്ടാല്‍ ആള്‍ ജനിച്ചു വളര്‍ന്നത്‌ സുഡാന്‍ , സോമാലിയ, റുവാണ്ട മുതലായ സമ്പന്ന രാജ്യങ്ങളില്‍ ആണെന്ന് തോന്നും. തീറ്റി ഇങ്ങനെ ആണെങ്കിലും, ഏതൊരു പട്ടിണി രാജ്യത്തിന്റെയും ബ്രാന്‍ഡ്‌ അംബാസഡര്‍ ആക്കാവുന്ന "വടി"വൊത്ത ശരീരഘടന ആണ്.  ഉത്ഘാടനതീറ്റ തന്നെ ഇങ്ങനെ ആയ നിലയ്ക്ക് ഇനി ഇങ്ങേരെ വിളിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം എന്ന് തോന്നി. 

നടിയുടെ നാട് എത്തി; ഒരു ചെറിയ ചായക്കടയ്ക്ക് മുന്നില്‍ കാര്‍ നിറുത്തി. രാമഷ്ണേട്ടന്റെ വെള്ളടാക്സിയില്‍ [അപ്പുണ്ണിയുടെ ഭാഷയില്‍ ടൂറിസ്റ്റ് ടാക്സിയുടെ വിളിപ്പേര്] ചെന്നിറങ്ങിയ ഞങ്ങള്‍ പിള്ളേരെ പറക്കുംതളികയില്‍ വന്നിറങ്ങിയ പരഗ്രഹ ജീവികളെപ്പോലെ ചായക്കടയില്‍ ഇരിക്കുന്നവര്‍ അത്ഭുതത്തോടെ മിഴിച്ചു നോക്കി. ഏതോ ഉത്സവകമ്മിറ്റിയുടെ "B" ടീം ആണെന്ന് അവര്‍ക്ക് മനസ്സിലായി. നടിയുടെ വീട് കാണിച്ചുതരാന്‍ അവരുടെ അഭ്യുദയകാംക്ഷി  [ന്റെ അമ്മെ.. എന്തൊരു കടുപ്പമുള്ള വാക്ക്] ആയ ഒരു അമ്മാന്‍ ഞങ്ങളുടെ കൂടെ വന്നു. എന്തായാലും നടിയും കുടുംബവും നാട്ടുകാരെ വെറുപ്പിക്കുന്നവര്‍ അല്ലെന്നു തോന്നുന്നു!. അഡ്വാന്‍സ് കൊടുത്ത്, ക്യാമ്പ് റിഹേഴ്സലിന്റെ തിയ്യതി ഫോണ്‍ ചെയ്ത് അറിയിയ്ക്കാമെന്ന് പറഞ്ഞ്, ഒരു പെണ്ണ് പറഞ്ഞ് ഉറപ്പിച്ച സന്തോഷത്തോടെ ഞങ്ങള്‍ അവിടെനിന്നും തിരിച്ചു.. 

*                    *                   *                  *
 
റിഹേഴ്സല്‍ എല്ലാം കുഴപ്പമില്ലാതെ കഴിഞ്ഞു. ഡയലോഗ് പ്രസന്റേഷന്‍ ഒരുവിധം എല്ലാവരും ഭംഗിയായി ചെയ്യുന്നുണ്ട്. അങ്ങനെ നാടകദിവസം വന്നെത്തി. അഭിനേതാക്കളില്‍ പലരും ജീവിതത്തില്‍ ആദ്യമായി അഭിനയിയ്ക്കുന്ന [ഒരുപക്ഷെ അവസാനമായും] നാടകമാണ്. ഇതിന്റെ ഒക്കെ കുറച്ച് ഫോട്ടോ എടുത്ത് വച്ചില്ലെങ്കില്‍ പിന്നെ ഇത്തരം ഒരു സംഭവം തന്നെ ഇനി ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലോ......

 
ഡിജിറ്റല്‍ ക്യാമറ ജനിച്ചിട്ടില്ല. ഉള്ള "സോപ്പ്പെട്ടി ക്യാമറ" തന്നെ അപൂര്‍വ്വം ചില ഗള്‍ഫ്‌ കാരുടെ വീട്ടില്‍ മാത്രം. കുവൈറ്റിലുള്ള ഹൈദ്രോസ് ഇക്കാടെ വീട്ടില്‍ ക്യാമറ ഉണ്ട് എന്ന് വിവരാവകാശനിയമപ്രകാരം ഉള്ള ഒരു ചോദ്യത്തിന് മറുപടിയായി അപ്പുണ്ണി വെളിപ്പെടുത്തി. അത് എങ്ങനെയും വാങ്ങികൊണ്ട് വരാന്‍ അവന്‍ സന്നദ്ധന്‍ . പിന്നെന്തിന് ടെന്‍ഷന്‍ ?? അപ്പുണ്ണി സൈക്കിളുമെടുത്ത് കത്തിച്ചു വിട്ടു. അരമണിക്കൂറിനുള്ളില്‍ ആള്‍ തിരിച്ചെത്തി.

"കിട്ടീ ട്ടാ..."

അപ്പുണ്ണി ക്യാമറയും കയ്യില്‍ പിടിച്ചുനിന്ന് കിതച്ചു. ഹൈദ്രോസ് ഇക്ക നാട്ടില്‍ വന്ന സമയം ആയതുകൊണ്ട് ക്യാമറ കിട്ടി. കൂടെ ഒരു റോള്‍ ഫിലിമും അദ്ദേഹം ദാനം ചെയ്തു. ഫിലിം ഹൈദ്രോസ് ഇക്ക തന്നെ ക്യാമറയില്‍ ലോഡ് ചെയ്ത് കൊടുത്തു. 

"ഫോട്ടോ ആരാ എട്ക്കാ?"
"അതൊക്കെ യ്ക്ക് അറിയാഡയ്ക്ക. ഹൈദ്രോസിക്ക കാണിച്ചുതന്നിട്ടുണ്ട്. "
ആവൂ... അങ്ങനെ അതിനും ഒരു പരിഹാരായി. ഞാന്‍ ആദരവോടെ, അപ്പുണ്ണിയെ മനസാ നമിച്ചു. 

"എത്ര ഫോട്ടോ കിട്ടും?"
"36 എണ്ണം ന്നാ അങ്ങേര് പറഞ്ഞത്. ചെലപ്പോ 100 ഫോട്ടോടെ ഫിലിം ഒക്കെ ഉണ്ടാവുഡാ, അയ്യാള്‍ ഇമ്മക്ക് തരാതെആവും .."  
അപ്പുണ്ണി തന്റെ വിജ്ഞാനം വിളമ്പി. 
[വെറുതെ അല്ല ഇക്കാലത്ത് ഒരാളും ഒരു ഉപകാരോം ചെയ്യാത്തത്].

നാടകം ആരംഭിച്ചു. അഭിനയത്തിലെ പല ഉജ്ജ്വല മുഹൂര്‍ത്തങ്ങളും അപ്പുണ്ണി ഒരു പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫറുടെ  കൈവഴക്കത്തോടെ ക്യാമറയില്‍ പകര്‍ത്തി. ഒരു ക്യാമറ എന്നതിലുപരി ഫോട്ടോ എടുക്കുന്ന മെഷീന്‍ എന്ന രീതിയില്‍ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ഒരാളെയും ക്യാമറയുടെ എഴയലത്തേയ്ക്ക് അടുപ്പിച്ചില്ല. ഇതെല്ലാം കണ്ടപ്പോള്‍
ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവനെക്കുറിച്ച് നല്ല മതിപ്പ് തോന്നി.

കുറെ ദിവസത്തെ ക്ഷീണം പിറ്റേന്ന് പകലെല്ലാം ഉറങ്ങിതീര്‍ത്ത്, സന്ധ്യയായപ്പോള്‍ എണീറ്റ്‌ കുളിച്ച് വായനശാലയിലേയ്ക്ക് ചെന്നു. അഭിനേതാക്കള്‍ ഒരു വിധം എല്ലാവരും വന്നിട്ടുണ്ട്. നാടകം നന്നായി അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും ഉണ്ട്. കൂട്ടത്തില്‍നിന്ന് അപ്പുണ്ണിയെ തെരഞ്ഞുപിടിച്ചു.


"
നീ ക്യാമറ കൊണ്ട്കൊടുത്ത്വോ?"
"ഇല്ല. ദ്യേ പുവ്വാണ്."

"ക്യാമറേന്ന് ഫിലിം എടുക്കാന്‍ മറക്കേണ്ട."

ഇത് കേട്ടതും അപ്പുണ്ണി ക്യാമറയുടെ പിന്‍ഭാഗം തുറന്ന്, ആരോമല്‍ ചേകവര്‍ ഉറുമി വലിച്ചൂരുന്നപോലെ ഫിലിമിന്റെ അവസാന ഭാഗം പിടിച്ച്‌ പുറത്തോട്ട് വലിച്ചെടുത്തു. ഞങ്ങളുടെയെല്ലാം മികച്ച ഭാവാഭിനയങ്ങള്‍ അടങ്ങിയ ഫിലിം, ഫിലിം കേസില്‍ നിന്നും പുറത്തുവന്ന് ട്യൂബ് ലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നഗ്നനായി, നീണ്ടുനിവര്‍ന്ന് കിടന്നു.  ചിലരുടെ തൊണ്ടയില്‍നിന്നും  ഒരു ആര്‍ത്തനാദം ഉയര്‍ന്നു. മറ്റു ചിലരുടെ ശ്വാസം നിലച്ചു. അപ്പുണ്ണിയാകട്ടെ ഇതൊന്നും ശ്രദ്ധിയ്ക്കാതെ, വലിച്ചെടുത്ത ഫിലിം വളരെ സൂക്ഷ്മതയോടെ ഒഴിഞ്ഞ ഫിലിം കേസിന്റെ പുറത്തുകൂടി വട്ടത്തില്‍ പലവട്ടം ചുറ്റി സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ചുകൊണ്ട് ഞങ്ങളെ നോക്കി വിജയശ്രീലാളിതനായി പുഞ്ചിരിച്ചു. 

Image Courtesy: www.clipartof.com

Friday, February 10, 2012

ടെക് നിക്കല്‍ സപ്പോര്‍ട്ട് [Technical Support]


"ദിവാരേട്ടാ അനുഗ്രഹിക്കണം"
രാവിലെ തന്നെ നിതിന്‍ നല്ല ഫോമില്‍ ആണ് .

"എന്തെ, നീ ട്രെയിന്‍ ന്  തല വയ്ക്കാന്‍ പോവ്വാണോ?" ഞാന്‍ .

"അതായിരുന്നു ഇതിലും ഭേദം. ഇന്ന് മുതല്‍ എന്നെ
Support Desk-ല്‍ ഇട്ടു.  ആ മൊട്ട HoD, ക്യാബിനില്‍ വിളിച്ച് ഓര്‍ഡര്‍ issue ചെയ്യുമ്പോള്‍ ചേട്ടനും പല്ലിളിച്ച് അവിടെ ഇരുപ്പുണ്ടായിരുന്നില്ലേ? ഒരു വാക്ക് അയാളോട് പറയാരുന്നില്ലേ, ഞാന്‍ Desk-ല്‍ ശരിയാവില്ല എന്ന്... "

"സാരമില്ലെടാ..  ആ പണിയും ആരെങ്കിലും ചെയ്യണ്ടേ..."

അത് കേട്ട്
ഗോവര്‍ദ്ധനും, പിങ്കിയും ഊറിച്ചിരിച്ചു.

"എന്താടി കിണിക്കിണ്?"
അവന്‍ പിങ്കിയുടെ നേരെ.
അവള്‍ ഒന്നുമില്ലെന്ന് തോള്‍ വെട്ടിച്ച് കാണിച്ചു.

"ഇനി ഞാന്‍ നിനക്ക് ഒരക്ഷരം മലയാളം പഠിപ്പിച്ചു തരില്ല...." പിങ്കിയോട് വീണ്ടും.


പിങ്കി ഞങ്ങളുടെ കൂടെ കൂടി മലയാളം പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിതിന്‍ ആണ് ഗുരു. അവന്റെ പാട് കണ്ടാല്‍ അവനാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ എന്ന് തോന്നും. മലയാളം സംസാരിക്കാന്‍ മാത്രമേ പഠിപ്പിക്കുകയുള്ളൂ. കാരണം, എഴുതാനും വായിക്കാനും, മുംബയില്‍ ജനിച്ചു വളര്‍ന്ന ഗുരുവിനു തന്നെ ഇത്തിരി കഷ്ടി ആണേ...

നിതിന്‍ കലിപ്പോടെ പാഞ്ഞു ചെന്ന്
ഗോവര്‍ദ്ധന്റെ deodorant എടുത്ത് സ്വന്തം ശരീരം മുഴുവനും, കീടനാശിനി തളിക്കുന്നതു പോലെ തലങ്ങും, വിലങ്ങും വീശിയടിച്ചു.

പൊതുവെ Development ടീമിലെ ആരും തന്നെ
Support Desk-ല്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ഒരു താല്‍ക്കാലിക അഡ്ജസ്റ്റ്മെന്റ് ആണ്. എന്തായാലും ഒരു മാസം അതില്‍ ഇരിക്കട്ടെ, പിന്നീട് വേണമെങ്കില്‍ മാറ്റാന്‍ നോക്കാം എന്ന് മനസ്സില്‍ വിചാരിച്ചു.

പക്ഷെ പിന്നീടുള്ള ദിവസങ്ങള്‍ ഞങ്ങളെ എല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് യാതൊരു പരാതിയും ഇല്ലാതെ നിതിന്‍ ജോലി ചെയ്തു. അതിനു ശേഷം മൊബൈല്‍ വിളി കൂടിയോ എന്ന് ഞാനൊന്നു സംശയിച്ചു. 

.

ഒരു week-end ബിയര്‍ അടിയില്‍ ഗോവര്‍ദ്ധന്‍ ആണ് പറഞ്ഞത് നിതിന് ഒരു പുതിയ girl friend-നെ കിട്ടിയ വിവരം.
പേര് നീലിമ. ഡല്‍ഹിയില്‍ ഉള്ള ഞങ്ങളുടെ തന്നെ ഒരു client-ന്റെ ഓഫീസിലെ പെണ്‍കുട്ടി ആണ്. Support ല്‍ ഇരുന്ന ആദ്യത്തെ ആഴ്ചയില്‍ തന്നെ ഒപ്പിച്ചെടുത്തത് ആണ്.

"ശരിയാണോടാ?" ഞാന്‍ .
നിതിന്‍ chilled beer ന്റെ കുളിരുള്ള ചിരിയോടെ തലയാട്ടി.


"ആ കുട്ടി technical support ആവശ്യപ്പെട്ടു. ഇവന്‍ , ഇവന് അറിയാവുന്ന support കൊടുത്തു; That's all...." ഗോവര്‍ദ്ധന്‍
അവനെ ഒന്ന് കൊട്ടി.


"ആറടി ഉയരം, athletic built അങ്ങനെ എന്തൊക്ക്യാ ഇവന്‍ അവളോട്‌ അടിച്ച് വിട്ടിരിക്കുന്നത് എന്നറിയ്വോ?" ഗോവര്‍ദ്ധന്‍ .


'ഉള്ളതാണോടാ' എന്നാ മട്ടില്‍ ഞാന്‍ 5' 2" ഉള്ള അവന്റെ "ബാഡി"യിലേക്ക് ഒന്ന്  നോക്കി. അവന്‍ ഏതാണ്ട്  ഉപ്പിലിട്ട  പരുവത്തില്‍ ഒന്ന് ചുരുങ്ങി, "ഞാന്‍  ഭക്ഷണം വിളിച്ചു പറയാം"  എന്ന് പറഞ്ഞ്, ഹോട്ടലിലേക്ക് ഫോണ്‍ ചെയ്യാന്‍ എന്ന ഭാവേന മൊബൈലും കയ്യിലെടുത്ത് ബാല്‍ക്കണിയില്‍ ചെന്ന് നിന്നു. എന്തായാലും കൂടുതല്‍ ഗുലുമാലൊന്നും ഒപ്പിച്ചില്ലല്ലോ  എന്ന് ഞാന്‍ സമാധാനിച്ചു.


*                            *                           *                            *

അടുത്ത  ഒരാഴ്ച ജോലി സംബന്ധമായി നാഗ്പൂരില്‍ ആയിരുന്നു. തിരിച്ചുവന്നപ്പോള്‍ ഫ്ലാറ്റിലെ ഒച്ചയും, ബഹളവും എല്ലാം കുറഞ്ഞിരിയ്ക്കുന്നു. ഒരാഴ്ചകൊണ്ട് ഇവന്മാരെല്ലാം [ഒരു ഇവളും] ഇത്രയും decent ആയോ? പിങ്കിയുടെയും, നിതിന്റെയും മുഖത്ത് നല്ല തെളിച്ചമില്ല. കൂടുതല്‍ അന്വേഷണം പതിവുപോലെ week-end ല്‍ ആകാമെന്ന് വച്ചു. അതുവരെയുള്ള ദിവസങ്ങളിലും നിതിനും, പിങ്കിയും തമ്മില്‍ ഒന്നും സംസാരിക്കുന്നതും കണ്ടില്ല. മലയാളം പഠിക്കലും, പഠിപ്പിക്കലും എല്ലാം ഏതാണ്ട് നിലച്ച മട്ട് ആണ്. 

ആ weekend __

തത്ത ചീട്ട് എടുക്കുന്നതുപോലെ ഗോവര്‍ദ്ധന്‍ ബീയറിന്റെ ക്യാന്‍ കയ്യിലെടുത്തു. അതിന് ശേഷം അവന്റെ മുക്കൂട്ട്‌ ഭാഷയില്‍  [ഇംഗ്ലീഷും, ഹിന്ദിയും, മലയാളവും] കിളിപ്പാട്ട് ആരംഭിച്ചു. അത് ഇങ്ങനെ...

"നിതിന്റെ ലൈന്‍ അവനുമായി അടിച്ചുപിരിഞ്ചു , ചേട്ടാ..." ഗോവര്‍ദ്ധന്‍ .

"എന്തിന്?" ഞാന്‍

"അത് Just a misunderstanding" ഗോവര്‍ദ്ധന്‍

"കാര്യം തെളിച്ച് പറ..."  ഞാന്‍

"ആ കുട്ടിയോട് ആരോ പറഞ്ഞു അവന്റെ ശാദി [ शादी=കല്യാണം] കഴിഞ്ഞതാണെന്നും, രണ്ട്  കുട്ടികള്‍ ഉണ്ടെന്നും ....."

"ആര് ?"

"അവന് doubt പിങ്കിയെ ആണ്.."

"അതിനും വേണ്ടേ ഒരു കാരണം; അങ്ങനെ സംശയിക്കാന്‍ ... " ഞാന്‍


ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ഇരുന്ന പിങ്കി ഒന്നും മിണ്ടാതെ എണീറ്റ്‌ ടെറസ്സിലേക്ക് പോയി. 


"പിങ്കി തന്ന്യാ എന്നോട് പറഞ്ഞത്". ഗോവര്‍ദ്ധന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.


മലയാളം പഠിക്കുന്നതിന്റെ ഭാഗമായി, ശിഷ്യ ഗുരുവിനോട് എവിടെന്നോ കേട്ട ഒരു മലയാളം വാക്കിന്റെ അര്‍ത്ഥം ചോദിച്ചിരുന്നു. ഗുരു "മുടി" എന്ന് അര്‍ത്ഥവും പറഞ്ഞു കൊടുത്തു. സംഭവം തെറി ആണെന്ന് ഗുരു വിശദീകരിച്ചില്ല, ബംഗാളിയായ ശിഷ്യ അതൊരു സാധാരണ വാക്ക് ആയി മനസ്സിലാക്കുകയും ചെയ്തു.


അടുത്ത ദിവസം പിങ്കി, ഹെയര്‍ ഡ്രസ്സ്‌ ചെയ്യിക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി. ഞങ്ങളുടെ അടുത്ത ബില്‍ഡിംഗ്‌ ല്‍ താമസിക്കുന്ന മറ്റൊരു മലയാളി പെണ്‍കുട്ടിയെ [ഞങ്ങളുടെ പരിചയക്കാരി] കണ്ടു. വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ഹെയര്‍ ഡ്രസ്സ്‌ ചെയ്യാന്‍ വന്നതാണെന്ന്, അതുവരെ പഠിച്ച മലയാളത്തില്‍ പറഞ്ഞു. പക്ഷെ ഉപയോഗിച്ച വാക്ക്, ഗുരുവിനോട് സംശയനിവൃത്തി വരുത്തിയിരുന്ന വാക്ക് ആയിപ്പോയി എന്ന് മാത്രം.  മലയാളം പറഞ്ഞ് മലയാളിയായ പരിചയക്കാരിയെ ഒന്ന് ഞെട്ടിക്കുക എന്നെ ഉദ്ദ്യേശിച്ചുള്ളൂ. മുടിയെ സംബോധന ചെയ്ത വാക്ക് കേട്ട്, പരിചയക്കാരിക്ക് ആദ്യം ഷോക്കടിച്ചു, പിന്നെ കത്തി. ചിരിച്ച് ചിരിച്ച്  കുഴഞ്ഞ് ആ കുട്ടി ഒരു പരുവമായി.


പിങ്കി, ആകെ ചമ്മി നാശാകോശമായി, ഹെയര്‍ ഡ്രെസ്സിംഗ്  എല്ലാം പിന്നേക്ക് മാറ്റിവച്ച്, നിതിനെ കൊന്നിട്ട് എത്രയും പെട്ടന്ന് ജയിലില്‍ പോകാം എന്ന് ഉറപ്പിച്ച്, നേരെ വച്ചടിച്ചു ഞങ്ങളുടെ ഫ്ലാറ്റിലേയ്ക്ക്. നിതിന്‍ കുളിയ്ക്കാന്‍ ബാത്‌റൂമില്‍ കയറിയ സമയം. സകലമാന കൂതറ പരസ്യപാട്ടുകളും അവയുടെ orchestration-ഓടുകൂടി അട്ടഹാസരൂപത്തില്‍ ബാത്‌റൂമില്‍ നിന്നും കേള്‍ക്കാം. ആഘോഷമായി നീരാടുകയാണ്. 


പെട്ടന്ന് നിതിന്റെ മൊബൈല്‍ അലറി. Martin Cooper [മൊബൈല്‍ ഫോണ്‍ കണ്ടുപിച്ച ആള്‍ ] കേട്ടിരുന്നെങ്കില്‍ അവന്റെ ചെകിടത്ത് അടിച്ചേനെ; ഇത്രയും വൃത്തികെട്ട ഒരു റിംഗ് ടോണ്‍ വച്ചതിന്. പിങ്കി ഫോണ്‍ എടുത്തു. Display-ല്‍ blink ചെയ്യുന്നു  

Nilima calling  


[ഇനിയുള്ളത്, പിങ്കി ഗോവര്‍ദ്ധനോട് പറഞ്ഞത് ]


Hi Nit....

പിങ്കി ഒന്ന് ഞെട്ടി. ഒരു മാസം കൊണ്ട് ലവള്‍ ഇവന്റെ പേര് വരെ മാറ്റി കളഞ്ഞോ????
Hi

Where's Nitin?

He's in bathroom.

Who's this?


പിങ്കി ഒരു നിമിഷം ആലോചിച്ചു.  എന്നിട്ട് പറഞ്ഞു:
I'm his wife.


പെട്ടന്ന് അപ്പുറത്തെ ശബ്ദം നിലച്ചു. കുറച്ചുകഴിഞ്ഞ് വിറയലോടെ നീലിമ ചോദിച്ചു.


Is he married?

Yep.. blessed with 2 sons. കിടക്കട്ടെ ഒരു വെയിറ്റ്.


അപ്പുറത്തെ ഫോണ്‍ കട്ട്‌ ആയി.


*                          *                            *                             *


പുതിയ trainees എത്തിയതോടെ  Development-ല്‍ നിന്നുള്ളവരെ തിരിച്ച് അങ്ങോട്ട്‌ തന്നെ വിടാന്‍ തീരുമാനമായി. അടുത്ത ദിവസം തന്നെ HoD യെ കണ്ടു. ലിസ്റ്റില്‍ ആദ്യത്തെ ആള്‍ നിതിന്‍ നെ ആക്കി ഓര്‍ഡര്‍ ഇഷ്യൂ ചെയ്യിച്ച് ഓഫീസില്‍നിന്നും ഇറങ്ങി. ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ടെറസ്സില്‍ നിന്നും സംസാരം കേട്ടു. ഇതേത്‌ "ബാസ" എന്ന് മനസ്സിലാകാതെ കയറിച്ചെന്നു. നിതിനും പിങ്കിയും കൂടി മലയാളം സംസാരിക്കുകയാണ്. ഒരു ഭാഷ, ഇത്രയധികം തെറ്റുകളോടെ ഇത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കേ കഴിയൂ എന്നെനിയ്ക്ക് ബോദ്ധ്യമായി.


വീണ്ടും പിങ്കി തന്നെ ഇടപെട്ട് അവന്റെ "ഡല്‍ഹി ലൈന്‍ " reconnect ചെയ്തിരിയ്ക്കുന്നു.  എന്നെ കണ്ടതും നിതിന്‍ വലിയ സന്തോഷത്തില്‍ പറഞ്ഞു:


"ചേട്ടാ,  എന്നെ support-ല്‍ തന്നെ ഇരുത്താന്‍ ആ HoD യോട് ഒന്ന് പറയണം, ട്ടോ."


ഇത് കേട്ടതും ഞാന്‍ "ശശി" ആയി അവിടെ തന്നെ നിന്നുപോയി.
.
 *                    *                       *                    *
.

Template by:

Free Blog Templates