Friday, February 10, 2012

ടെക് നിക്കല്‍ സപ്പോര്‍ട്ട് [Technical Support]


"ദിവാരേട്ടാ അനുഗ്രഹിക്കണം"
രാവിലെ തന്നെ നിതിന്‍ നല്ല ഫോമില്‍ ആണ് .

"എന്തെ, നീ ട്രെയിന്‍ ന്  തല വയ്ക്കാന്‍ പോവ്വാണോ?" ഞാന്‍ .

"അതായിരുന്നു ഇതിലും ഭേദം. ഇന്ന് മുതല്‍ എന്നെ
Support Desk-ല്‍ ഇട്ടു.  ആ മൊട്ട HoD, ക്യാബിനില്‍ വിളിച്ച് ഓര്‍ഡര്‍ issue ചെയ്യുമ്പോള്‍ ചേട്ടനും പല്ലിളിച്ച് അവിടെ ഇരുപ്പുണ്ടായിരുന്നില്ലേ? ഒരു വാക്ക് അയാളോട് പറയാരുന്നില്ലേ, ഞാന്‍ Desk-ല്‍ ശരിയാവില്ല എന്ന്... "

"സാരമില്ലെടാ..  ആ പണിയും ആരെങ്കിലും ചെയ്യണ്ടേ..."

അത് കേട്ട്
ഗോവര്‍ദ്ധനും, പിങ്കിയും ഊറിച്ചിരിച്ചു.

"എന്താടി കിണിക്കിണ്?"
അവന്‍ പിങ്കിയുടെ നേരെ.
അവള്‍ ഒന്നുമില്ലെന്ന് തോള്‍ വെട്ടിച്ച് കാണിച്ചു.

"ഇനി ഞാന്‍ നിനക്ക് ഒരക്ഷരം മലയാളം പഠിപ്പിച്ചു തരില്ല...." പിങ്കിയോട് വീണ്ടും.


പിങ്കി ഞങ്ങളുടെ കൂടെ കൂടി മലയാളം പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിതിന്‍ ആണ് ഗുരു. അവന്റെ പാട് കണ്ടാല്‍ അവനാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ എന്ന് തോന്നും. മലയാളം സംസാരിക്കാന്‍ മാത്രമേ പഠിപ്പിക്കുകയുള്ളൂ. കാരണം, എഴുതാനും വായിക്കാനും, മുംബയില്‍ ജനിച്ചു വളര്‍ന്ന ഗുരുവിനു തന്നെ ഇത്തിരി കഷ്ടി ആണേ...

നിതിന്‍ കലിപ്പോടെ പാഞ്ഞു ചെന്ന്
ഗോവര്‍ദ്ധന്റെ deodorant എടുത്ത് സ്വന്തം ശരീരം മുഴുവനും, കീടനാശിനി തളിക്കുന്നതു പോലെ തലങ്ങും, വിലങ്ങും വീശിയടിച്ചു.

പൊതുവെ Development ടീമിലെ ആരും തന്നെ
Support Desk-ല്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ഒരു താല്‍ക്കാലിക അഡ്ജസ്റ്റ്മെന്റ് ആണ്. എന്തായാലും ഒരു മാസം അതില്‍ ഇരിക്കട്ടെ, പിന്നീട് വേണമെങ്കില്‍ മാറ്റാന്‍ നോക്കാം എന്ന് മനസ്സില്‍ വിചാരിച്ചു.

പക്ഷെ പിന്നീടുള്ള ദിവസങ്ങള്‍ ഞങ്ങളെ എല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് യാതൊരു പരാതിയും ഇല്ലാതെ നിതിന്‍ ജോലി ചെയ്തു. അതിനു ശേഷം മൊബൈല്‍ വിളി കൂടിയോ എന്ന് ഞാനൊന്നു സംശയിച്ചു. 

.

ഒരു week-end ബിയര്‍ അടിയില്‍ ഗോവര്‍ദ്ധന്‍ ആണ് പറഞ്ഞത് നിതിന് ഒരു പുതിയ girl friend-നെ കിട്ടിയ വിവരം.
പേര് നീലിമ. ഡല്‍ഹിയില്‍ ഉള്ള ഞങ്ങളുടെ തന്നെ ഒരു client-ന്റെ ഓഫീസിലെ പെണ്‍കുട്ടി ആണ്. Support ല്‍ ഇരുന്ന ആദ്യത്തെ ആഴ്ചയില്‍ തന്നെ ഒപ്പിച്ചെടുത്തത് ആണ്.

"ശരിയാണോടാ?" ഞാന്‍ .
നിതിന്‍ chilled beer ന്റെ കുളിരുള്ള ചിരിയോടെ തലയാട്ടി.


"ആ കുട്ടി technical support ആവശ്യപ്പെട്ടു. ഇവന്‍ , ഇവന് അറിയാവുന്ന support കൊടുത്തു; That's all...." ഗോവര്‍ദ്ധന്‍
അവനെ ഒന്ന് കൊട്ടി.


"ആറടി ഉയരം, athletic built അങ്ങനെ എന്തൊക്ക്യാ ഇവന്‍ അവളോട്‌ അടിച്ച് വിട്ടിരിക്കുന്നത് എന്നറിയ്വോ?" ഗോവര്‍ദ്ധന്‍ .


'ഉള്ളതാണോടാ' എന്നാ മട്ടില്‍ ഞാന്‍ 5' 2" ഉള്ള അവന്റെ "ബാഡി"യിലേക്ക് ഒന്ന്  നോക്കി. അവന്‍ ഏതാണ്ട്  ഉപ്പിലിട്ട  പരുവത്തില്‍ ഒന്ന് ചുരുങ്ങി, "ഞാന്‍  ഭക്ഷണം വിളിച്ചു പറയാം"  എന്ന് പറഞ്ഞ്, ഹോട്ടലിലേക്ക് ഫോണ്‍ ചെയ്യാന്‍ എന്ന ഭാവേന മൊബൈലും കയ്യിലെടുത്ത് ബാല്‍ക്കണിയില്‍ ചെന്ന് നിന്നു. എന്തായാലും കൂടുതല്‍ ഗുലുമാലൊന്നും ഒപ്പിച്ചില്ലല്ലോ  എന്ന് ഞാന്‍ സമാധാനിച്ചു.


*                            *                           *                            *

അടുത്ത  ഒരാഴ്ച ജോലി സംബന്ധമായി നാഗ്പൂരില്‍ ആയിരുന്നു. തിരിച്ചുവന്നപ്പോള്‍ ഫ്ലാറ്റിലെ ഒച്ചയും, ബഹളവും എല്ലാം കുറഞ്ഞിരിയ്ക്കുന്നു. ഒരാഴ്ചകൊണ്ട് ഇവന്മാരെല്ലാം [ഒരു ഇവളും] ഇത്രയും decent ആയോ? പിങ്കിയുടെയും, നിതിന്റെയും മുഖത്ത് നല്ല തെളിച്ചമില്ല. കൂടുതല്‍ അന്വേഷണം പതിവുപോലെ week-end ല്‍ ആകാമെന്ന് വച്ചു. അതുവരെയുള്ള ദിവസങ്ങളിലും നിതിനും, പിങ്കിയും തമ്മില്‍ ഒന്നും സംസാരിക്കുന്നതും കണ്ടില്ല. മലയാളം പഠിക്കലും, പഠിപ്പിക്കലും എല്ലാം ഏതാണ്ട് നിലച്ച മട്ട് ആണ്. 

ആ weekend __

തത്ത ചീട്ട് എടുക്കുന്നതുപോലെ ഗോവര്‍ദ്ധന്‍ ബീയറിന്റെ ക്യാന്‍ കയ്യിലെടുത്തു. അതിന് ശേഷം അവന്റെ മുക്കൂട്ട്‌ ഭാഷയില്‍  [ഇംഗ്ലീഷും, ഹിന്ദിയും, മലയാളവും] കിളിപ്പാട്ട് ആരംഭിച്ചു. അത് ഇങ്ങനെ...

"നിതിന്റെ ലൈന്‍ അവനുമായി അടിച്ചുപിരിഞ്ചു , ചേട്ടാ..." ഗോവര്‍ദ്ധന്‍ .

"എന്തിന്?" ഞാന്‍

"അത് Just a misunderstanding" ഗോവര്‍ദ്ധന്‍

"കാര്യം തെളിച്ച് പറ..."  ഞാന്‍

"ആ കുട്ടിയോട് ആരോ പറഞ്ഞു അവന്റെ ശാദി [ शादी=കല്യാണം] കഴിഞ്ഞതാണെന്നും, രണ്ട്  കുട്ടികള്‍ ഉണ്ടെന്നും ....."

"ആര് ?"

"അവന് doubt പിങ്കിയെ ആണ്.."

"അതിനും വേണ്ടേ ഒരു കാരണം; അങ്ങനെ സംശയിക്കാന്‍ ... " ഞാന്‍


ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ഇരുന്ന പിങ്കി ഒന്നും മിണ്ടാതെ എണീറ്റ്‌ ടെറസ്സിലേക്ക് പോയി. 


"പിങ്കി തന്ന്യാ എന്നോട് പറഞ്ഞത്". ഗോവര്‍ദ്ധന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.


മലയാളം പഠിക്കുന്നതിന്റെ ഭാഗമായി, ശിഷ്യ ഗുരുവിനോട് എവിടെന്നോ കേട്ട ഒരു മലയാളം വാക്കിന്റെ അര്‍ത്ഥം ചോദിച്ചിരുന്നു. ഗുരു "മുടി" എന്ന് അര്‍ത്ഥവും പറഞ്ഞു കൊടുത്തു. സംഭവം തെറി ആണെന്ന് ഗുരു വിശദീകരിച്ചില്ല, ബംഗാളിയായ ശിഷ്യ അതൊരു സാധാരണ വാക്ക് ആയി മനസ്സിലാക്കുകയും ചെയ്തു.


അടുത്ത ദിവസം പിങ്കി, ഹെയര്‍ ഡ്രസ്സ്‌ ചെയ്യിക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി. ഞങ്ങളുടെ അടുത്ത ബില്‍ഡിംഗ്‌ ല്‍ താമസിക്കുന്ന മറ്റൊരു മലയാളി പെണ്‍കുട്ടിയെ [ഞങ്ങളുടെ പരിചയക്കാരി] കണ്ടു. വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ഹെയര്‍ ഡ്രസ്സ്‌ ചെയ്യാന്‍ വന്നതാണെന്ന്, അതുവരെ പഠിച്ച മലയാളത്തില്‍ പറഞ്ഞു. പക്ഷെ ഉപയോഗിച്ച വാക്ക്, ഗുരുവിനോട് സംശയനിവൃത്തി വരുത്തിയിരുന്ന വാക്ക് ആയിപ്പോയി എന്ന് മാത്രം.  മലയാളം പറഞ്ഞ് മലയാളിയായ പരിചയക്കാരിയെ ഒന്ന് ഞെട്ടിക്കുക എന്നെ ഉദ്ദ്യേശിച്ചുള്ളൂ. മുടിയെ സംബോധന ചെയ്ത വാക്ക് കേട്ട്, പരിചയക്കാരിക്ക് ആദ്യം ഷോക്കടിച്ചു, പിന്നെ കത്തി. ചിരിച്ച് ചിരിച്ച്  കുഴഞ്ഞ് ആ കുട്ടി ഒരു പരുവമായി.


പിങ്കി, ആകെ ചമ്മി നാശാകോശമായി, ഹെയര്‍ ഡ്രെസ്സിംഗ്  എല്ലാം പിന്നേക്ക് മാറ്റിവച്ച്, നിതിനെ കൊന്നിട്ട് എത്രയും പെട്ടന്ന് ജയിലില്‍ പോകാം എന്ന് ഉറപ്പിച്ച്, നേരെ വച്ചടിച്ചു ഞങ്ങളുടെ ഫ്ലാറ്റിലേയ്ക്ക്. നിതിന്‍ കുളിയ്ക്കാന്‍ ബാത്‌റൂമില്‍ കയറിയ സമയം. സകലമാന കൂതറ പരസ്യപാട്ടുകളും അവയുടെ orchestration-ഓടുകൂടി അട്ടഹാസരൂപത്തില്‍ ബാത്‌റൂമില്‍ നിന്നും കേള്‍ക്കാം. ആഘോഷമായി നീരാടുകയാണ്. 


പെട്ടന്ന് നിതിന്റെ മൊബൈല്‍ അലറി. Martin Cooper [മൊബൈല്‍ ഫോണ്‍ കണ്ടുപിച്ച ആള്‍ ] കേട്ടിരുന്നെങ്കില്‍ അവന്റെ ചെകിടത്ത് അടിച്ചേനെ; ഇത്രയും വൃത്തികെട്ട ഒരു റിംഗ് ടോണ്‍ വച്ചതിന്. പിങ്കി ഫോണ്‍ എടുത്തു. Display-ല്‍ blink ചെയ്യുന്നു  

Nilima calling  


[ഇനിയുള്ളത്, പിങ്കി ഗോവര്‍ദ്ധനോട് പറഞ്ഞത് ]


Hi Nit....

പിങ്കി ഒന്ന് ഞെട്ടി. ഒരു മാസം കൊണ്ട് ലവള്‍ ഇവന്റെ പേര് വരെ മാറ്റി കളഞ്ഞോ????
Hi

Where's Nitin?

He's in bathroom.

Who's this?


പിങ്കി ഒരു നിമിഷം ആലോചിച്ചു.  എന്നിട്ട് പറഞ്ഞു:
I'm his wife.


പെട്ടന്ന് അപ്പുറത്തെ ശബ്ദം നിലച്ചു. കുറച്ചുകഴിഞ്ഞ് വിറയലോടെ നീലിമ ചോദിച്ചു.


Is he married?

Yep.. blessed with 2 sons. കിടക്കട്ടെ ഒരു വെയിറ്റ്.


അപ്പുറത്തെ ഫോണ്‍ കട്ട്‌ ആയി.


*                          *                            *                             *


പുതിയ trainees എത്തിയതോടെ  Development-ല്‍ നിന്നുള്ളവരെ തിരിച്ച് അങ്ങോട്ട്‌ തന്നെ വിടാന്‍ തീരുമാനമായി. അടുത്ത ദിവസം തന്നെ HoD യെ കണ്ടു. ലിസ്റ്റില്‍ ആദ്യത്തെ ആള്‍ നിതിന്‍ നെ ആക്കി ഓര്‍ഡര്‍ ഇഷ്യൂ ചെയ്യിച്ച് ഓഫീസില്‍നിന്നും ഇറങ്ങി. ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ടെറസ്സില്‍ നിന്നും സംസാരം കേട്ടു. ഇതേത്‌ "ബാസ" എന്ന് മനസ്സിലാകാതെ കയറിച്ചെന്നു. നിതിനും പിങ്കിയും കൂടി മലയാളം സംസാരിക്കുകയാണ്. ഒരു ഭാഷ, ഇത്രയധികം തെറ്റുകളോടെ ഇത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കേ കഴിയൂ എന്നെനിയ്ക്ക് ബോദ്ധ്യമായി.


വീണ്ടും പിങ്കി തന്നെ ഇടപെട്ട് അവന്റെ "ഡല്‍ഹി ലൈന്‍ " reconnect ചെയ്തിരിയ്ക്കുന്നു.  എന്നെ കണ്ടതും നിതിന്‍ വലിയ സന്തോഷത്തില്‍ പറഞ്ഞു:


"ചേട്ടാ,  എന്നെ support-ല്‍ തന്നെ ഇരുത്താന്‍ ആ HoD യോട് ഒന്ന് പറയണം, ട്ടോ."


ഇത് കേട്ടതും ഞാന്‍ "ശശി" ആയി അവിടെ തന്നെ നിന്നുപോയി.
.
 *                    *                       *                    *
.

21 comments:

Umesh Pilicode said...

ക്ലും.. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് വെറുതെ അല്ല !! :))

പട്ടേപ്പാടം റാംജി said...

മുടിയെ സംബോധന ചെയ്ത വാക്ക് എന്തായാലും നന്നായി.
ഇത്തവത്തെ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഇഷ്ടായി ദിവാരേട്ടാ.

antos maman said...

വായിച്ചു ആശംസകൾ . എന്റെ ബ്ലോഗിലൂടൊന്നു കേറി നോക്കണെ http://etipsweb.blogspot.com/

Echmukutty said...

അമ്പടാ! എന്തൊരു ടെക്നിക്കൽ സപ്പോർട്ട്! ഇഷ്ടപ്പെട്ടു.

പഥികൻ said...

ഹും....കൊള്ളാം.....നല്ല സപ്പോർട്ട് !

ദിവാരേട്ടN said...

ഉമേഷ്‌,
നന്ദി, ആദ്യ കമന്റിന്...

റാംജി,
നല്ല വാക്കിന് നന്ദി.

antos maman,
തീര്‍ച്ചയായും.
വരവില്‍ സന്തോഷം.

കല,
വന്നതില്‍ സന്തോഷം.

പഥികന്‍ ,
സന്ദര്‍ശനത്തിന് നന്ദി.

mayflowers said...

നല്ലോണം ചിരിച്ചു..

khaadu.. said...

ഇതാണ് അസ്സല്‍ ടെക് നിക്കല്‍ സപ്പോര്‍ട്ട് ......

ചിരിച്ചു....
ആശംസകൾ

Njanentelokam said...

സപ്പോര്‍ട്ട് ഇത്രയൊക്കെ മതി അല്ലെ?

ദിവാരേട്ടN said...

mayflowers,
എഴുതിക്കഴിഞ്ഞപ്പോള്‍ ചിരിക്കില്ലേന്ന്‍ ഒരു സംശയം ഉണ്ടായിരുന്നു.

khaadu,
അവന് അതേ അറിയാവൂ ...

നാരദന്‍ ,
നമ്മളാല്‍ കഴിയുന്നത്‌ , നമോ നമ:

anupama said...

പ്രിയപ്പെട്ട ദിവാകരേട്ട,

ഇത് തന്നെയല്ലേ ശരിക്കും technical support?
നര്‍മത്തില്‍ ചാലിച്ച ഈ പോസ്റ്റ്‌ ശരിക്കും രസിച്ചു.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു

ദിവാരേട്ടN said...

anu,
ആണല്ലോ...!!
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ ദിവാരേട്ടന് സന്തോഷം.

Thasleem said...

good post...all the best..
www.thasleemp.co.cc
pls visit my blog

ദിവാരേട്ടN said...

Thasleem,
Thanks for your visit & comment.

കൊച്ചുമുതലാളി said...

ഹഹഹ..! എഞ്ചോയ്ഡ് ഇറ്റ്!

ദിവാരേട്ടN said...

കൊച്ചുമുതലാളി,
സന്തോഷം & നന്ദി.

Naseef U Areacode said...

കഥ രസകരമായി.. ഭാഷ പഠനത്തിൽ നിന്നുണ്ടായ പ്രശ്നം നന്നായി തിരുത്തിയല്ലോ...

ആശംസകൾ

kochumol(കുങ്കുമം) said...

ടെക്നിക്കൽ സപ്പോർട്ട് ഇഷ്ടായി ....:))

ദിവാരേട്ടN said...

Naseef ,
kochumol(കുങ്കുമം),

സന്ദര്‍ശനത്തിന് നന്ദി.

rahul blathur said...

പോസ്റ്റിനു മ്മടെ വക സപ്പോർട്ട്

ദിവാരേട്ടN said...

rahul blathur,
സപ്പോര്‍ട്ട് തന്നതില്‍ ദിവാരേട്ടന് സന്തോഷം ഉണ്ട്.

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates